പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിന്റെ അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം ചെയ്യും
പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ രാഹുലിന്റെ അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം ചെയ്യും. ഇവർക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. പ്രതി ചേർക്കാനും പൊലിസ് തീരുമാനമുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും എന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ സുഹൃത്തും കേസിൽ കൂട്ട് പ്രതിയുമായ രാജേഷിന് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം രാഹുലിനെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയതിൽ പൊലിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതിഭാഗം വക്കീൽ എം.കെ ദിനേശൻ കോടതിയിൽ വാദിച്ചത്. വിദേശത്തേക്ക് കടക്കാൻ രാഹുലിന് ടിക്കറ്റടക്കം വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു നൽകിയത് രാജേഷ് ആണ്. രാഹുൽ ഇപ്പോൾ ജർമനിയിലാണുള്ളതെന്നാണ് സ്ഥിരീകരണം.
സിംഗപ്പൂരിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന ആഭ്യൂഹങ്ങൾ. പൊലിസ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തിലും രാജ്യത്തെ എയർപോർട്ടുകളിലും ഇവ നൽകിയിട്ടുണ്ട്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. എന്നാൽ വിദേശത്തുനിന്ന് രാഹുൽ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ജർമനിയിൽ ഏറോനോട്ടിക്കൽ എൻജിനിയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്.