Cancel Preloader
Edit Template

നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചു; അമ്മ ജീവനൊടുക്കി

 നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചു; അമ്മ ജീവനൊടുക്കി

ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യിൽനിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതോടെ യുവതിക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തി. അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

രമ്യയും 2 മക്കളും രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയി. രമ്യ ഇവർക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവർ തിരികെ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടത്. വെങ്കിടേഷ് – രമ്യ ദമ്പതികൾക്ക് അപകടത്തിൽ പെട്ട പെൺകുഞ്ഞിനെ കൂടാതെ 5 വയസ്സുള്ള ഒരു മകനുമുണ്ട്. രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related post

Leave a Reply

Your email address will not be published. Required fields are marked *