കശ്മീരില്‍ വീണ്ടും ആക്രമണം; മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ക്ക് പരുക്ക്
കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. കശ്മീരിലെ ബാരാമുല്ല നിയോജകമണ്ഡലത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ബാരമുല്ല ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയില്‍ മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവാണ് ഇയാള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.
ഐജാസ് അഹമ്മദാണ് വെടിയേറ്റ് മരിച്ചത്. ഐജാസിന്റെ ഷോപിയാന്‍ ജില്ലയിലെ ഹീര്‍പോരയിലെ വീടിനുള്ളില്‍ കടന്നുകയറിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
ജയ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ജയ്പൂര്‍ സ്വദേശിനിയായ ഫര്‍ഹയ്ക്കും ഭാര്യ തബ്രേസിനും നേരെ അനന്ത്‌നാഗിലെ യന്നാറില്‍ വെച്ച് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് പറഞ്ഞു.
മെയ് 20 നാണ് ബാരമുള്ള മണ്ഡലത്തിലെ വോട്ടെടുപ്പ്. അനന്ത്‌നാഗില്‍ മേയ് 25 നും വോട്ടെടുപ്പ് നടക്കും. നേരത്തെ അനന്ത്‌നാഗ്‌രജൗരി പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 7 ന് നടത്താനായിരുന്നു തീരുമാനം. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി മാറ്റുകയായിരുന്നു.
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
പഹല്‍ഗാമില്‍ നടന്ന ആക്രമണത്തെ അപലപിക്കുന്നതായും തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയും അതേസമയത്ത് തന്നെ ആക്രമണം ഉണ്ടാവുന്നതും ആശങ്കാജനകമാണെന്നും മെഹുബൂബ മുഫ്തി പറഞ്ഞു.
ആറ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഏപ്രില്‍ 17 ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു അതിഥി തൊഴിലാളി കൊല്ലപ്പെടുകയും അതേമാസം തന്നെ ഷോപിയാനില്‍ നടത്ത വെടിവെപ്പില്‍ ഡെറാഡൂണ്‍ സ്വദേശിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് അമൃത്‌സര്‍ സ്വദേശികള്‍ക്ക് വെടിയേറ്റിരുന്നു. ഇതില്‍ ഒരാള്‍ പിന്നീട് മരണപ്പെട്ടിരുന്നു.