Cancel Preloader
Edit Template

വിഷമദ്യ ദുരന്തം: മരണം 29 ആയി, മദ്യത്തിൽ മെഥനോളിന്റെ അംശം

 വിഷമദ്യ ദുരന്തം: മരണം 29 ആയി, മദ്യത്തിൽ മെഥനോളിന്റെ അംശം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി ഉയർന്നു. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 60ലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം.

അതേസമയം, വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും. എന്നാൽ വിഷമദ്യ ദുരന്തത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകും. മദ്യമാഫിയെ പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന സർക്കാരും ഡിഎംകെയും ആണെന്നും അണ്ണാമലൈ ആരോപിച്ചു.

ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും.

ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാർ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവർ വീട്ടിലെത്തിയതു മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പൊലിസ് പറഞ്ഞു. തലവേദന, ഛർദി, തലകറക്കം, വയറുവേദന, മനംപിരട്ടൽ, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡെയിലി വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

Related post

Leave a Reply

Your email address will not be published. Required fields are marked *