ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത് ഭര്‍ത്താവ്
ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.
ആത്മഹത്യക്ക് മുന്‍പ് യുവാവ് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഇറ്റാഹ് സ്വദേശികളായ ദമ്പതികള്‍ ഗസിയാബാദിലാണ് താമസം.
ഭര്‍ത്താവിന് ലോണിയിലാണ് ജോലി. ഭാര്യയ്ക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. ഭാര്യ ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. വീട്ടുതര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. ഷാള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തെ മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
യുവാവിന്റെ ഇളയ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. കട്ടിലില്‍ യുവതിയുടെ മൃതദേഹവും ആത്മഹത്യ ചെയ്ത നിലയില്‍ സഹോദരനെയും കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കേസില്‍ അന്വേഷണം നടന്നുവരുകയാണ്.