മാലിന്യം നിറഞ്ഞ് ജീർണ്ണിച്ച ബസ് കാത്തിരിപ്പു കേന്ദ്രം
വലിയ മാങ്കാവ് ജംഗ്ഷനിൽ ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ച. എത്രയോ കാലങ്ങൾക്ക് മുമ്പ് ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നു. അത് ആളുകൾക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ ഇന്നത് എന്നോ മുറിച്ചുമാറ്റിയ തണൽമരത്തിന്റെ തടിക്കഷണങ്ങൾ കൊണ്ടും, അതിനുമുകളിൽ കെട്ടിവെച്ച മാലിന്യങ്ങൾ കൊണ്ടും ഉപയോഗശൂന്യമായ ജീർണിച്ച ബസ് കാത്തിരിപ്പുകേന്ദ്രമായിരിക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ആകെ നശിച്ചു പോയിരിക്കുന്നു. എന്നാൽ പുതിയത് പണിയാൻ അധികൃതർ തയ്യാറാകുന്നില്ല.തൊട്ടടുത്ത് കോർപ്പറേഷൻ ‘തണലിടം’ പദ്ധതിയിൽ ഒരുക്കിയ ചാരുബെഞ്ചുകൾ ഉണ്ട്. ഇവിടെയുള്ള വലിയ തണൽമരത്തിന്റെ കൊമ്പുകൾ സമീപത്തുള്ള കെട്ടിടത്തിലേക്ക് ചാഞ്ഞ് അപകടഭീഷണിയുയർന്നപ്പോഴാണ് മാസങ്ങൾക്കുമുൻപ് മുറിച്ചുമാറ്റിയത്.
എന്നാൽ, അതിന്റെ തടികൾ അവിടെനിന്ന് നീക്കംചെയ്തില്ല. ഇവിടെ ഇഴജന്തുക്കൾ താവളമാക്കുകയാണെന്ന് കൗൺസിലർ ഓമന മധു പറഞ്ഞു.ഇതിനോടു ചേർന്നുതന്നെയാണ് ആളുകൾക്ക് വന്നിരുന്ന് സംസാരിക്കാനുള്ള ഇടമെന്നരീതിയിൽ ‘തണലിട’ത്തിന്റെ ഭാഗമായി ബെഞ്ചുകളിട്ടത്. എത്രയോകാലങ്ങളായി ഇതുതന്നെയാണ് അവസ്ഥയെന്നും പ്രശ്നത്തിന് ആരും പരിഹാരംകണ്ടിട്ടില്ലെന്നും ചുമട്ടുതൊഴിലാളിയായ ചേക്കു പറഞ്ഞു. ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിൽ രേഖാമൂലം പരാതിനൽകിയിരുന്നെന്ന് കൗൺസിലർ ഓമന മധു പറഞ്ഞു.